തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ സിപിഐ നിലപാടിനെ സ്വാഗതം ചെയ്ത് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് രംഗത്ത്. പിഎം ശ്രീ പദ്ധതിയിൽ സിപിഐ നിലപാട് നല്ല കാര്യമാണെന്നും ഉറച്ച നിലപാട് ഉണ്ടായതിനെ സ്വാഗതം ചെയ്യുന്നുവെന്നും സണ്ണി ജോസഫ് പറഞ്ഞു.
അവഹേളിച്ചതിന് ഇത്രയെങ്കിലും പ്രതികരിക്കുന്നതിൽ സന്തോഷമുണ്ട്. പിഎം ശ്രീ നടപ്പിലാക്കുന്നില്ലെന്ന പ്രഖ്യാപനം തട്ടിപ്പാണ്. സിപിഐയെ കബളിപ്പിക്കാൻ സിപിഎമ്മിലെ വല്യേട്ടൻ പാർട്ടി വിചാരിച്ചാൽ നടക്കില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു.
മന്ത്രി ശിവൻകുട്ടി ഉരുണ്ടുകളിക്കാൻ ശ്രമിക്കുകയാണെന്നും അതിൽ സിപിഐ വീഴുമെന്ന് തനിക്ക് തോന്നുന്നില്ലെന്നും സണ്ണി ജോസഫ് പ്രതികരിച്ചു.
സിപിഐയെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്യുമോ എന്ന് ചോദ്യത്തിന് കാത്തിരുന്ന് കാണാമെന്നായിരുന്നു സണ്ണി ജോസഫിന്റെ ചിരിച്ചുകൊണ്ടുള്ള മറുപടി. മാധ്യമങ്ങൾ സ്വാഗതം ചെയ്യൂ എന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞു.